തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, സോബി എന്നിവരെ നുണ പരിശോധനയക്ക് വിധേയരാക്കാന്‍ സിബിഐയുടെ തീരുമാനം. ഇതിനായി ബുധനാഴ്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും.
ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ണക്കടത്ത് നടന്നിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. വിഷ്ണു സോമസുന്ദരം നിരവധി തവണ ദുബായ് സന്ദര്‍ശിച്ചു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ദുബായില്‍ ആരംഭിച്ച ബിസിനസില്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ കടമായി തന്നിരുന്നു എന്നുമായിരുന്നു വിഷ്ണുവിന്റെ മൊഴി. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.
ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. അര്‍ജുനെ മറയാക്കി സ്വര്‍ണക്കള്ളക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.