മനാമ: കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്
ഡിസംബര്‍ 25 മുതല്‍ വാക്‌സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന വാക്‌സിന്‍ കുത്തിവെപ്പിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും, കുത്തിവെപ്പ് നല്‍കുന്ന നടപടികളും ഏതാനം ദിവസങ്ങളിലായി ബഹ്റൈനില്‍ നടന്നുവരികയാണ്.
വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഡിസംബര്‍ 25 മുതല്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
രാവിലെ 8.00 മുതല്‍ വൈകീട്ട് 6.00 വരെയാണ് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നത്. ഇതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കാം.