മനാമ: കോവിഡ് പരിശോധനയില്‍ ബഹ്റൈന്‍ ലോകത്ത് മുന്‍നിരയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. 1000 പേരില്‍ 707 പേര്‍ക്ക് എന്ന തോതിലാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. ‘കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക’ എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം പരിശോധനകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനവും മരണനിരക്ക് കേവലം 0.4 ശതമാനവുമാണ്. കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ വളന്റിയര്‍മാരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ എടുത്ത സമയം 42 ദിവസമാണെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ പബ്ലിക് ഹോസ്പിറ്റല്‍ ഓട്ടോണമി പ്രോജക്ട് മാനേജര്‍ ലഫ്. കേണല്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
കഴിഞ്ഞ 25 ദിവസത്തിനിടെ കേസുകള്‍ ഇരട്ടിയായിട്ടില്ല.ബഹ്റൈനികള്ക്കിടിയില് രോഗികള്‍ ഇരട്ടിയാകാന്‍ എടുത്ത സമയം ജൂലൈ എട്ടിലെ കണക്കനുസരിച്ച് 25 ദിവസമാണ്. കഴിഞ്ഞ 48 ദിവസത്തിനിടെ കേസുകള്‍ ഇരട്ടിയായിട്ടില്ല. ജൂലൈ നാല് വരെയുള്ള കണക്കനുസരിച്ച് പ്രവാസികള്‍ക്കിടയില്‍ ഇത് 34 ദിവസമാണ്. കഴിഞ്ഞ 48 ദിവസത്തിനിടയില്‍ പ്രവാസികള്‍ക്കിടയില്‍ കേസുകള്‍ ഇരട്ടിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.