ഇന്ത്യന്‍ റസ്റ്റൊറന്റില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ സ്റ്റാഫ് തടയുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
മനാമ : പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തിയ ബഹ്‌റൈന്‍ അധികൃതര്‍ ലാന്റേണ്‍ എന്ന റസ്റ്റൊറന്റിന് പ്രവര്‍ത്താനാനുമതി നിഷേധിച്ചു.
മനാമയില്‍ അദിലിയയില്‍ പ്രവര്‍ത്തിക്കുന്ന ലാന്റേണ്‍ എന്ന റെസ്റ്റൊറന്റിലാണ് സംഭവം.
തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഉണ്ടായ അപമര്യാദയായ പെരുമാറ്റത്തില്‍ ഖേദിക്കുന്നതായും മാനേജര്‍ തസ്തികയിലുള്ള ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായും റെസ്റ്റൊറന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചെങ്കിലും ബഹ്‌റൈന്‍ ഒരു വിധത്തിലുമുള്ള വിവേചനം അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചാണ് റെസ്റ്റൊറന്റിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.
കഴിഞ്ഞ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഒരു ദേശക്കാര്‍ക്കെതിരേയും വിവേചനമില്ലെന്നും എല്ലാ രാജ്യക്കാരേയും തങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും ലാന്റേണ്‍ എല്ലാ ഫാമിലിയേയും ക്ഷണിക്കുകയാണെന്നും മാര്‍ച്ച് 29 ന് റെസ്റ്റൊറന്റില്‍ ബഹ്‌റൈന്‍ നിവാസികള്‍ക്ക് കോപ്ലിമെന്ററി ഭക്ഷണം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു
മുഖംമറച്ച് പര്‍ദ്ദയണിഞ്ഞെന്നതിന്റെ പേരില്‍ സ്ത്രീയെ തടഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
പഞ്ചാബി വിഭവങ്ങള്‍ക്ക് പേരുകേട്ട അദിലിയ റെസ്റ്റൊറന്റില്‍ റൂഫ് ടോപ്, ബാര്‍ എന്നീ സൗകര്യങ്ങളും ഉള്ളതാണ്.
1987 ലാണ് ലാന്റേണ്‍ എന്ന റെസ്റ്റൊറന്റ് മനാമയില്‍ ആരംഭിച്ചത്, പിന്നീട് ബുദെയ്വ, അംവാജ് റിഫ എന്നിവടങ്ങളിലും ബ്രാഞ്ചുകള്‍ ആരംഭിച്ചു.