നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്.
മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ മറ്റെല്ലാ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും പത്തു ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയത് ജനുവരി ഒന്നു മുതല്‍ ബഹ്‌റൈനില്‍ പ്രാബല്യത്തില്‍ വന്നു.
94 അടിസ്ഥാന ഭക്ഷ്യ സാമഗ്രികളെ വാറ്റ് വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിരുന്നു. പാല്‍, കുടിവെള്ളം, മാംസം, മീന്‍ പാചക എണ്ണ, മുട്ട, പഞ്ചസാര, ഉപ്പ് കുട്ടികളുടെ ഭക്ഷണം, ബ്രഡ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കോഫീ ബീന്‍സ് ചായപ്പൊടി, ഗോതമ്പ് , അരി തുടങ്ങിയവയും ഈ 94 സാമഗ്രികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടും.
1,820 സര്‍ക്കാര്‍ സേവനങ്ങളും വാറ്റില്‍ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാധന -സാമഗ്രികള്‍ ജനുവരി ഒന്ന് 2022 ന് മുമ്പ് വിതരണം ചെയ്തതാണെങ്കില്‍ അഞ്ചു ശതമാനം നികുതി മാത്രമെ ബാധിക്കുകയുള്ളു. ഇതിന്റെ ഇന്‍വോയിസ് അല്ലെങ്കില്‍ ക്യാഷ് പെയ്‌മെന്റ് ജനുവരി ഒന്ന് 2022 ന് ശേഷമാണെങ്കിലും അഞ്ചു ശതമാനം നികുതിയുടെ സാധുതയുണ്ടാകും.
കമ്പനികളുടെ കരാര്‍ നിലവില്‍ ഉണ്ടെങ്കില്‍ 2022 ഡിസംബര്‍ 31 വരെ തുടരാവുന്നതാണ്. എന്നാല്‍, ഇതിനു ശേഷം കരാറുകള്‍ നിലവിലുണ്ടെങ്കിലും വാറ്റ് പത്തുശതമാനമായി മാറും.
ബഹ്‌റൈനിലെ വാറ്റ് നിയമത്തിന്റെ നാലാം വകുപ്പ് ഭേദഗതി ചെയ്താണ് അഞ്ചു ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായി നികുതി വര്‍ദ്ധിപ്പിച്ചത്
ബഹ്റൈനിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.7 ശതമാനം എന്ന നിലയില്‍ നിന്ന് മൂന്നു ശതമാനമായി നികുതി വരുമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതാണ് പുതിയ നിയമഭേദഗതി.