മനാമ: പുതുവത്സരാഘോഷങ്ങളില്‍ ഹോട്ടലുകളും റസ്റ്റാറന്റുകളും ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് പരിശോധന ശക്തിപ്പെടുത്തും.
സാമൂഹിക അകലം, ഫേസ് മാസ്‌ക്, മേശകള്‍ തമ്മിലെ അകലം എന്നിവ കൃത്യമായി പാലിച്ചിരിക്കണം. ആകെ സീറ്റിന്റെ പകുതി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു ടേബിളില്‍ ആറ് പേരില്‍ കൂടുതല്‍ പാടില്ല. പാര്‍ട്ടികളില്‍ 30പേരില്‍ അധികം പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടും. 10,000 ദീനാര്‍ വരെ പിഴയും ചുമത്തും.