താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ വനിതാതാരങ്ങളെ ഇരുത്തിയില്ലെന്ന നടി പാര്‍വതി തിരുവോത്തിന്റെ ആരോപണത്തിനെതിരെ നടന്‍ ബാബുരാജ്. തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്. അത് ശരിയല്ലെന്ന് ബാബുരാജ് പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ബാബുരാജിന്റെ വാക്കുകള്‍:
‘കുറ്റങ്ങളൊക്കെ ചൂണ്ടിക്കാണിക്കണം. അതൊക്കെ നല്ലതാണ്. മിക്ക കാര്യങ്ങളിലും പാര്‍വതിയെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ളതാണ്. രാജി വെച്ച് പോയപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷെ ഇത് എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. കാരണം സ്ത്രീകള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്‌സ് മാത്രം ഇരുന്നാല്‍ മതിയെന്ന്. അവര് ഇരിക്കുന്ന സദസ്സാണ് അത്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ. രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്റെ അരികില്‍ നില്‍ക്കുന്ന ചിത്രം വരാന്‍ കാരണം. കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്.
കോടതിയില്‍ ഒരു ജഡ്ജി ഇരിക്കുന്നത് സ്റ്റേജിലാണ്. അതിന്റെ താഴെയാണ് ടൈപ്പിസ്റ്റ് ഇരിക്കുന്നത്. എന്നുകരുതി അവരെ ഒരേപോലെ കണ്ടില്ലെന്ന് പറയുമോ. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നു പറയുന്നത് പോലെയാണത്. വൈസ് ചെയര്‍മാന്റെ പോസ്റ്റിലേക്ക് വേണ്ടി മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഒരുപാട് നടന്നതല്ലേ. വൈസ് ചെയര്‍മാന്‍ പെണ്ണാകണം എന്നത് വെച്ചാണ് അങ്ങനെ ചെയ്തത്. കാടടച്ച് പ്രതികരിക്കുന്നതിനോട് യോജിപ്പില്ല. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണം. എന്നാല്‍ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്. പ്രത്യേകിച്ച് അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയാകുമ്പോഴെന്നും ബാബുരാജ് പറഞ്ഞു.
‘കുറ്റം കാണണമെന്ന് തോന്നിയാല്‍ നമുക്ക് ഏത് കാര്യത്തിലും കുറ്റം കണ്ടുപിടിക്കാം. ഞാന്‍ പറഞ്ഞില്ലേ, കുറ്റമുണ്ടെങ്കില്‍ പറയണം. പക്ഷെ കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്. രാജിവെച്ചപ്പോള്‍ അത് ശരിയല്ലെന്നും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു’.-ബാബുരാജ് പറഞ്ഞു.
അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചതിനെതിരെയായിരുന്നു പാര്‍വതി പരസ്യമായി വിമര്‍ശനം അറിയിച്ചത്. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ടെന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.