ആയുഷ് ഡോക്ടര്‍മാരെ ശസ്ത്രക്രിയ ചെയ്യുവാന്‍ അനുവദിച്ചു കൊണ്ടുള്ള തീരുമാനം ആപത്താണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ അസോസിയേഷന്‍ (കെജിഎംഒഎ). ആധുനിക വൈദ്യശാസ്ത്ര വിഷയങ്ങളില്‍ അഞ്ചു വര്‍ഷം പഠനവും വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഒരു വര്‍ഷത്തെ ഇന്റേര്‍ണ്‍ഷിപ്പും തുടര്‍ന്ന്, ശസ്ത്രക്രിയാ വിഷയങ്ങളില്‍ മൂന്നു വര്‍ഷത്തെ ഉപരിപഠനവും പൂര്‍ത്തിയാക്കിയവരാണ് നിലവില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ശസ്ത്രക്രിയയില്‍ ഉണ്ടായേക്കാവുന്ന മാരകങ്ങളായ സങ്കീര്‍ണ്ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് അനിവാര്യമാണെന്നും കെജിഎംഒഎ പറഞ്ഞു.
എന്നാല്‍, ആയുഷ് വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍ അതുമായി തുലോം ബന്ധമില്ലാത്ത ശസ്ത്രക്രിയ നാമമാത്രമായ പരിശീലനത്തിനു ശേഷം നടത്താന്‍ ഒരുങ്ങുന്നത്, രോഗികളുടെ ജീവനുതന്നെ ഭീഷണിയായിത്തീരും എന്നതു കൊണ്ടു തന്നെ കെജിഎംഒഎ ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ പറഞ്ഞു. സാധാരണക്കാരന്റെ ചികിത്സയ്ക്കായി രണ്ടാം തരം ചികിത്സകരെ സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ പൊതു സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്.ഈ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് ശക്തമായി പ്രതിഷേധിക്കുമെന്ന് ജോസഫ് ചാക്കോ, ജനറല്‍ സെക്രട്ടറി ഡോ ജി എസ് വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.