ലക്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യയോഗം ഇന്ന് അയോധ്യയില്‍ ചേരും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കിടയിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള യോഗം. ട്രസ്റ്റിന്റെ ആദ്യത്തെ ഔപചാരിക യോഗമാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മ്മാണത്തിനായുളള കമ്മിറ്റി ചെയര്‍പേഴ്‌സനുമായ നിപേന്ദ്ര മിശ്ര യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ക്ഷേത്രനിര്‍മ്മാണം മുടങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ചേരുന്ന യോഗത്തില്‍ ക്ഷേത്രത്തിന്റെ തീയ്യതി തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അയോധ്യയില്‍ എത്തിക്കുന്നതിനായി ട്രസ്റ്റ് ശ്രമിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് കോവിഡ് സാഹചര്യത്തെ ആശ്രയിച്ച് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുളളു. വരും നാളുകളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ ഈ ശ്രമം ഉപേക്ഷിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ വിശ്വഹിന്ദ് പരിഷത്ത് രൂപകല്‍പ്പന ചെയ്ത രാമക്ഷേത്രത്തിന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ക്ഷേത്രനിരമ്മാണത്തിനുളള സമയപരിധിയും യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത.
അതേസമയം യഥാര്‍ത്ഥ അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളിലാണന്നെ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ ആയോധ്യ ഇന്ത്യയിലല്ല മറിച്ച് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നും രാമന്‍ ഇന്ത്യക്കാരനല്ല നേപ്പാള്‍ സ്വദേശിയുമാണെന്ന് അവകാശവാദവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുമ്പോഴാണ് പ്രധാമന്തിയുടെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.











