ദുബായ്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങിയതോടെ മുന്നറിയിപ്പുമായി അധികൃതര്‍. കോവിഡ് വ്യാപനം കൂടിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടിവന്നേക്കുമെന്ന് ദുരന്ത നിവാരണ സമിതി പബ്ലിക് പ്രോസിക്യൂഷന് തലവന്‍ സാലിം അല്‍ സാബി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുകയാണെന്നും രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ അര്‍ഥം കോവിഡ് തുടച്ചുനീക്കപ്പെട്ടു എന്നല്ല എന്നും ദുരന്ത നിവാരണ സമിതി (എന്‍.സി.ഇ.എം.എ) ട്വിറ്ററിലൂടെ ഓര്‍മിപ്പിച്ചു.
كلنا ثقة بكم وبالتزامكم وبتعاونكم، فالتراجع في عدد الحالات لا يعني قضاؤنا على الفيروس.
We fully trust you, your commitment and your cooperation, as the decrease in the number of cases does not mean that we have eliminated #Covid19#نلتزم_لننتصر #CommitToWin pic.twitter.com/7Frik6TPgb
— NCEMA UAE (@NCEMAUAE) August 21, 2020
ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും എന്നാല്‍, രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണെങ്കില്‍ രാത്രി നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് പോലും ആലോചിക്കേണ്ടി വരുമെന്നും എന്‍.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അല്‍ ധഹേരിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അബൂദാബിയില്‍ തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
ഒരാഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നത്. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇതേ കുറിച്ച് ആലോചിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് ദിവസമായി മുകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോവിഡ് ഗ്രാഫ് വെള്ളിയാഴ്ച താഴേക്കിറങ്ങിയതിന്റെ ആശ്വാസവുമുണ്ട്. വ്യാഴാഴ്ച 461 കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വെള്ളിയാഴ്ച 391 ആയി കുറഞ്ഞു. ഒരു മരണവുമുണ്ട്.
ഇതൊരു ചെയിനാണെന്നും അത് പൊട്ടിച്ചെറിഞ്ഞാല്‍ പഴയ നിലയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയുമെന്നും സൈഫ് അല്‍ ധഹേരി പറഞ്ഞു. ജനജീവിതം പഴയപടിയാക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിലും ശ്രദ്ധിക്കണം. മുന്‍കരുതല്‍ പാലിക്കാതെ ചിലര്‍ പുറത്തിറങ്ങുന്നുണ്ട്.
ഇവര്‍ക്കെതിരെ നിയമ നടപടികളുണ്ടാവും. പിഴത്തുക വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. ജനങ്ങളുടെ അലംഭാവമാണ് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം കൂടാന്‍ കാരണം. കടുത്ത നടപടികളിലേക്ക് അധികൃതരെ എത്തിക്കുന്നതിനേക്കാള്‍ നല്ലത് ജനങ്ങള്‍ സ്വയം തിരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.











