‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ സഹകരണത്തോടെ ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ യോഗവും ചേര്‍ന്നു.
ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായി വ്യാപാര പുരോഗതി ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഇത്തരം പരിപാടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആഗോള മൂല്യ ശൃംഖലകളുടെ ഹൃദയഭാഗത്ത് ഇന്ത്യയെ വിഭാവനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെക്കുറിച്ച് സ്ഥാനപതി സംസാരിച്ചു. കാര്‍ഷിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും ഭക്ഷ്യ, അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Glimpses of inauguration of “Aatmanirbhar Bharat” series of events at Embassy of India in Kuwait today, 10 Sept., with a Virtual BSM on Agriculture jointly organized with APEDA, MoCI, India, with the participation of over 100 businessmen from India and Kuwait.#AatmaNirbharBharat pic.twitter.com/krkvj4Tyvz
— India in Kuwait (@indembkwt) September 10, 2020
ആത്മനിര്‍ഭര്‍ ഭാരത് പരിപാടികള്‍ പതിവായി സംഘടിപ്പിക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണെന്നും എംബസിക്ക് ഇത് ഒരു പുതിയ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാന ഘടകം. കാര്‍ഷിക മേഖലയുടെ ഇടപെടലിലൂടെയാണ് കുവൈറ്റിലെ ആത്മനിര്‍ഭര്‍ ഭാരത് പരിപാടികളുടെ തുടക്കം കുറിക്കുന്നതെന്നത് സന്തോഷം പകരുന്ന കാര്യമാണ്. കര്‍ഷകരെ ഉത്പാദകരും സംരഭകരുമാക്കുക എന്നതാണ് കാര്‍ഷിക മേഖലയിലെ സ്വാശ്രയത്വം കൊണ്ട് ലക്ഷ്യമിടുന്നത്.
സമീപവര്‍ഷങ്ങളില്‍, ഇന്ത്യ ചരിത്രപരമായ നിരവധി കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് വ്യവസായങ്ങളെപ്പോലെ, ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും മികച്ച വില ലഭിക്കുന്നിടത്ത് വില്‍ക്കാന്‍ കഴിയും. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഏറെ പഴക്കമുണ്ട്. പരമ്പരാഗതവും ശക്തവുമായ വ്യാപാരം ഘടകം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ട്. കുവൈറ്റിന്റെ മികച്ച വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പേരു കേട്ടതാണ്. ഇതിന്റെ ഗുണനിലവാരം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതുമാണ്. നിലവിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കൃഷിയിലും അനുബന്ധ മേഖലകളിലും പ്രത്യേക പങ്കാളിത്തം ഉറപ്പുവരുത്തന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും സിബി ജോര്‍ജ് പറഞ്ഞു.കേന്ദ്ര വാണിജ്യ, കാര്‍ഷിക മന്ത്രാലയത്തിന്റെ ട്രേഡ് അഡൈ്വസര്‍ ശുഭ്ര, എ.പി.ഇ .ഡി.എ ജോയിന്റ് സെക്രട്ടറി/ചെയര്‍മാന്‍ ദിവാകര്‍ നാഥ് മിശ്ര എന്നിവര്‍ സംസാരിച്ചു.
ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ നിന്നും പങ്കെടുക്കുന്ന കമ്പനികളുടെ പട്ടികയും ഉത്പന്ന പ്രൊഫൈലും അടങ്ങിയ ഇ-കാറ്റലോഗ് സ്ഥാനപതിയും എ.പി.ഇ.ഡി.എ ചെയര്‍മാനും ചേര്‍ന്ന് പുറത്തിറക്കി. യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനുകള്‍ തങ്ങളുടെ പ്രാപ്തിയെക്കുറിച്ചും ഭക്ഷ്യസുരക്ഷയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ സംബന്ധിച്ചും സംസാരിച്ചു. കുവൈറ്റില്‍ നിന്ന് ലുലു ഗ്രൂപ്പ്, സിറ്റി സെന്റര്‍, ഓങ്കോസ്റ്റ്, അല്‍ അയീസ് ട്രേഡിംഗ് കമ്ബിന എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ കാര്‍ഷിക എക്‌സ്‌പോര്‍ട്ടേഴ്‌സുമായുള്ള ബന്ധം തുടരുന്നതിലും പുതിയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും അവര്‍ താത്പര്യം പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള നൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയിലെയും എപിഇഡിഎയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ദ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഫുഡ് പ്രോസസ്സേഴ്‌സ് അസോസിയേഷന്‍, ഫ്രെഷ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ മീറ്റ് & ലൈവ്‌സ്‌റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രി എന്നീ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.