മുംബൈ: ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍. ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നിലവില്‍ തലോജ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ണബിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പോലീസ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ബോംബെ ഹൈക്കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ചത്. അര്‍ണാബിന് സെഷന്‍ കോടതി വഴി സാധാരണ ജാമ്യം തേടാമെന്നും കേസ് അസാധാരണ പരിഗണന അര്‍ഹിക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 10-നാണ് ഹൈക്കോടതി ഈ കേസില്‍ അടുത്ത വാദം കേള്‍ക്കുക. മഹാരാഷ്ട്ര സര്‍ക്കാരിനെയും പോലീസിനെയും ടിവി ചാനലിലൂടെ വിമര്‍ശിച്ചതിന് പകരം വീട്ടുകയാണെന്ന് ജാമ്യാപേക്ഷയില്‍ അര്‍ണബ് പറയുന്നു.
നവംബര്‍ നാലിനാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാക്കുറ്റത്തിന് അര്‍ണബ് അറസ്റ്റിലായത്. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്‍വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപ്പബ്ലിക് ടിവി തന്നില്ലെന്ന് ആത്മഹത്യകുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.











