മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അലിബാഗ് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വച്ച് അര്‍ണബ് അടക്കമുള്ള ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപോഗിക്കാന്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഉപയോഗിച്ചതിന് പിന്നാലെ ഞായറാഴ്ച അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അലിബാഗ് മുന്‍സിപ്പല്‍ സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ അര്‍ണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
2018 ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് അര്‍ണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാക്കുറ്റത്തിന് അര്‍ണബ് അറസ്റ്റിലായത്. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്‍വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് ആത്മഹത്യകുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.