തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കേരള സര്‍ക്കാരിനെയും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് വീടുകള്‍ നല്‍കാനായത് ജനക്ഷേമത്തിന്റെ പ്രതീകമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങിലേക്ക് നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്. ജില്ലകളില്‍ മന്ത്രിമാര്‍ പതാകയുയര്‍ത്തി.












