ആലപ്പുഴ: കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്റൈന്‍ ലംഘിച്ചതിന് സസ്‌പെന്റു ചെയ്ത അനുപം മിശ്രയെ തിരിച്ചെടുത്തു. ആലപ്പുഴ ആര്‍ഡിഒ ആയിട്ടാണ് മിശ്രയെ നിയമിച്ചിരിക്കുന്നത്. ചെയ്ത കുറ്റത്തിന് മാപ്പുനല്‍കി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
സിംഗപ്പൂരും ഇന്തോനേഷ്യയും സന്ദര്‍ശിച്ച് മാര്‍ച്ച് 18 ന് കൊല്ലത്തെത്തിയ അനുപം മിശ്രയോട് ജില്ലാകളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ക്വാറന്റൈന്‍ ലംഘിച്ച് ഇദ്ദേഹം ഉത്തര്‍പ്രദേശിലെ സ്വന്തം വസതിയിലേക്ക് പോയത്.
രണ്ട് ദിവസത്തിനുശേഷം ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സബ് കളക്ടര്‍ വസതിയില്‍ ഉണ്ടായിരുന്നില്ല. സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും സബ് കളക്ടര്‍ എവിടെ പോയെന്ന് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അനുപം മിശ്രയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ മിശ്രയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സസ്‌പെന്‍ഷനിലായ ഇദ്ദേഹത്തിന്റെ ഗണ്‍മാനെ തിരിച്ചെടുത്തിട്ടില്ല.










