മനാമ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ണ്ണായക നീക്കവുമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ രാജ്യത്തെ ഫാര്‍മസികളില്‍ കോവിഡ് 19 റാപ്പിഡ് ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. നാല് ദിനാര്‍ മാത്രമേ പരിശോധനയ്ക്ക് ഈടാക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
15 മിനിറ്റിനുള്ളില്‍ പരിശോധന ഫലം അറിയാന്‍ സാധിക്കും. രാജ്യത്തെ ഫാര്‍മസികളില്‍ ഉടനീളം ആന്റിജന്‍ പരിശോധന കിറ്റ് ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ആന്റിജന്‍ ടെസ്റ്റ് പൂര്‍ണമായും ശരിയാകണമെന്നില്ല എന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫലം നെഗറ്റീവ് ആയാലും ചുമ,ശ്വാസ തടസം,തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പി.സി.ആര്‍ ടെസ്റ്റിന് സമാനമല്ല റാപ്പിഡ് ആന്റിജന്‍ പരിശോധന.
ഫലം പോസിറ്റീവ് ആണെങ്കില്‍, വിവരം ഉടന്‍ 444 എന്ന നമ്പറില്‍ അറിയിച്ച് പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകണം. നെഗറ്റീവ് ഫലം 444 ല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.


















