ചിറ്റൂര്‍: ആന്ധ്രപ്രദേശില്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ച് കൊന്നു. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് സംഭവം.ചിറ്റൂര്‍ സ്വദേശികളായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമനും ചേര്‍ന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ വീട്ടില്‍ നിന്നും വന്ന ശബ്ദം കേട്ട് സംശയം തോന്നിയ പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബലംപ്രയോഗിച്ച് വീടിനുള്ളില്‍ പോലീസ് കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനിയാണ്. സായ് ദിവ്യ ബിബിഎ പൂര്‍ത്തിയാക്കി മുംബൈയിലെ എ.ആര്‍ റഹ്‌മാന്‍ സംഗീത സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.