കുവൈത്തില്‍ 2020 ജനുവരിക്കു മുന്‍പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ ജനുവരി 31 വരെ അവസരം. ഡിസംബര്‍ 31ന് അവസാനിക്കുന്ന ഭാഗിക പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹ് ഉത്തരവിറക്കി. അതു കഴിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും പിഴയടച്ച് താമസാനുമതി നേരെയാക്കാന്‍ കഴിയില്ല. പിന്നീട് രാജ്യവ്യാപകമായ പരിശോധന നടത്തി പിടികൂടി നാടുകടത്തും.
ഭാഗിക പൊതുമാപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.65806158, 65886735, 65807695, 65839348 എന്നീ നമ്പറുകളിലും community.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം. ഇഖാമ നിയമ വിധേയമാക്കാനുള്ള അവസരം ഒരു മാസത്തേക്ക് നീട്ടിയ സ്ഥിതിക്ക് എംബസി ഹെല്‍പ് ഡെസ്‌കിെന്റ പ്രവര്‍ത്തനം അടുത്ത മാസവും തുടര്‍ന്നേക്കും. പിഴയടച്ച് നാട്ടില്‍ പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനായി എംബസി സന്ദര്‍ശിക്കാം.
ശര്‍ഖ്, ജലീബ്, ഫഹാഹീല്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തിലും സ്ഥാപിച്ച പെട്ടിയില്‍ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചാലും മതി. നിലവില്‍ കാലാവധി കഴിഞ്ഞ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ പുതിയ അപേക്ഷ നല്‍കേണ്ട. ഇവര്‍ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാല്‍ പുതിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ താമസരേഖ ശരിയാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് നല്‍കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.