കൊച്ചി: ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. താരങ്ങള്‍ ഒത്തുകൂടിയതും ജനക്കൂട്ടം തമ്പടിച്ചതും വ്യാപനത്തിന് വഴിവെക്കുമെന്ന് പരാതി നല്‍കി. കൊച്ചി ഡിസിപിക്കാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ പരാതി നല്‍കിയത്.
അത്യാധുനിക സൗകര്യങ്ങളോടെ 10 കോടിയോളം ചെലവിട്ട് കൊച്ചി കലൂരിൽ നിര്‍മ്മിച്ചിരിക്കുന്ന മന്ദിരം ഉദ്ഘാടനം ചെയ്‌തത് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 100 പേര്‍ക്കായിരുന്നു പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.