ഡല്‍ഹി: മാനനഷ്ടക്കേസില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എംപിമാരുടേയും എംഎല്‍എമാരുടേയും പ്രത്യേക കോടതിയുടെ നോട്ടീസ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമതാ ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. 22 ന് ഹാജരാകാനാണ് അമിത്ഷായോട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2018 ഓഗസ്റ്റില്‍ നടന്ന റാലിയില്‍വച്ച് അഭിഷേക് ബാനര്‍ജിക്കെതിരേ അമിത്ഷാ നടത്തിയ ആരോപണങ്ങളാണ് പരാതിക്ക് കാരണമായിട്ടുള്ളത്. ‘നാരദ, ശാരദ, റോസ് വാലി, സിന്‍ഡിക്കേറ്റ് അഴിമതി, സഹോദരപുത്രന്റെ അഴിമതി, ഇങ്ങനെ ഒരു അഴിമതി പരമ്പരയാണ് മമതാജി നടത്തുന്നത്’ എന്നാണ് കൊല്‍ക്കത്തയില്‍ അന്ന് നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞത്. ഇതാണ് അഭിഷേകിന്റെ മാനനഷ്ടക്കേസിന് ആധാരമായിട്ടുള്ളത്.
‘ബംഗാളിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരിലേക്ക് പണം എത്തുന്നുണ്ടോ. മോദി ജി 3,59,000 കോടി നല്‍കി. ഈ പണം എവിടേയ്ക്കാണ് പോകുന്നത്. ഇത് സഹോദരപുത്രനും സിന്‍ഡിക്കേറ്റിനും ദാനം ചെയ്യുകയാണ്. ത്രൃണമൂല്‍ കോണ്‍ഗ്രസ് അഴിമതിക്കുവേണ്ടി ഇത് ത്യജിച്ചു’ എന്ന അമിത് ഷായുടെ പരാമര്‍ശവും പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.











