പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അംബസാഡര്‍ സന്ദര്‍ശിച്ചു, പരാതികള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ക്ക് തുടക്കം
കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ സ്വീകരിക്കാനായാണ് വിവിധ കേന്ദ്രങ്ങളില്‍ ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
എല്ലാ മാസത്തേയും പ്രതിവാര ഓപണ്‍ ഹൗസ് സ്ഥലവും സമയവും മുന്‍കൂട്ടി പ്രഖ്യാപിക്കും.
കുവൈത്തിലെ ഇന്ത്യന്‍ അംബസാഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പാസ്‌പോര്‍ട് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.
സേവനകേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന പ്രവാസികളായ സന്ദര്‍ശകരുമായി അദ്ദേഹം സംവദിച്ചു. പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷം പരിഹാരങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തി.
ഏപ്രില്‍ മാസത്തിലെ അടുത്ത ഓപണ്‍ ഹൗസ് ആറിന് അബ്ബാസിയ സെന്ററില്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പരാതികള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും മികച്ച സേവനം ഉറപ്പു വരുത്തുകയുമാണ് ഓപണ്‍ ഹൗസിലൂടെ ലക്ഷ്യമിടുന്നതെന്ന് അംബസഡര്‍ പറഞ്ഞു.
മാസത്തില്‍ ഒരു വട്ടം നടത്തിയിരുന്ന ഓപണ്‍ ഹൗസ് ഇനി മുതല്‍ എല്ലാ ആഴ്ചയിലും നടത്താനുള്ള തീരുമാനം മികച്ച സേവനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തെ അധികരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഓണ്‍ലൈനായും ഓപണ്‍ ഹൗസ് നടത്തിയിരുന്നു. എംബസി ഓഡിയറ്റോറിയത്തില്‍ മാത്രമായി നടത്തി വന്ന ഓപണ്‍ ഹൗസ് ഇനി മുതല്‍ കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.