അമൃത്‌സര്‍: ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബാദലിനെ പോലെ നട്ടല്ലില്ലത്തവനും ചതിയനുമല്ല താനെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അമരീന്ദര്‍ സിംഗ് കോമാളിത്തരമാണ് കാണിച്ചു കൂട്ടുന്നതെന്ന സുഖ്ബീര്‍ സിംഗിന്റെ പ്രസ്താവനയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
കര്‍ഷകരെ ഒറ്റുകൊടുത്ത ആളാണ് ബാദലെന്നും കര്‍ഷകര്‍ക്ക് നേരെ നടത്തിയ ചതി മറച്ചുവെക്കാനുള്ള പരിഭ്രാന്തിയിലാണ് ബാദലെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് നേരത്തെ അമരീന്ദര്‍ സിംഗ് നിലപാട് വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളിലുള്ള തന്റെ അതൃപ്തി അറിയിച്ചതായും കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദര്‍ പറഞ്ഞിരുന്നു.
അതേസമയം കര്‍ഷകരുടെ വിഷയത്തില്‍ അമരീന്ദ്രര്‍ സിംഗ് ബിജെപിക്ക് കീഴടങ്ങിയതായും തന്റെ ഭീരുത്വവും പരിഭ്രാന്തിയും മറച്ചുവെക്കാനുള്ള കാട്ടിക്കൂട്ടലുകളാണ് അദ്ദേഹം നടത്തുന്നതെന്നും ആയിരുന്നു സുഖ്ബീര്‍ സിംഗ് ബാദലിന്റെ ആരോപണം. അമരീന്ദര്‍ സിംഗിന്റെ കുടുംബത്തിനെതിരായ ഇ.ഡി കേസുകള്‍ സംബന്ധിച്ചും സുഖ്ബീര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.