കൊച്ചി: നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. കുട്ടിയുടെ വയറ്റില്‍ നിന്ന് രണ്ട് നാണയത്തുട്ടുകള്‍ പുറത്തെടുത്തിട്ടുണ്ട്. ഒരു രൂപയുടെയും അന്‍പത് പൈസയുടെയും നാണയങ്ങളാണ് പുറത്തെടുത്തത്. മരണം നാണയം വിഴുങ്ങിയത് കൊണ്ടല്ല എന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്ന ശേഷം മാത്രമെ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളു. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയുടെ മൃതദേഹം വിട്ടു കൊടുത്തു.
കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജ്. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്‍കിയാല്‍ വയറ്റില്‍നിന്ന് നാണയം പൊയ്‌ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്‍ജന്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചിരുന്നു.










