തിരുവനന്തപുരം: എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും വികലാംഗര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ക്കാണ് അനുമതി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി പുരോഗമിക്കുകയാണ്. എണ്‍പത് വയസില്‍ കൂടുലുള്ളവരുടേയും അംഗപരിമിതരുടേയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം തയ്യാറാക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി തപാല്‍ വോട്ട് ആവശ്യപ്പെടുന്നവര്‍ക്ക് തപാലില്‍ തന്നെ ബാലറ്റ് അയച്ച് കൊടുക്കും. വോട്ട് ചെയ്ത് മടക്കി തപാലില്‍ അയക്കണം. തപാല്‍ വോട്ടിനായി വോട്ടെടുപ്പ് തിയതിക്ക് ഒരു മാസം മുന്‍പ് അപേക്ഷിക്കണമെന്നാണ് കമ്മീഷന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എങ്ങനെയാണ് വോട്ട് എന്നതില്‍ തീരുമാനം ആയിട്ടില്ല. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്. സംസ്ഥാനത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.