ഡല്‍ഹി: ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്ര നടത്തി വ്യോമയാന ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങുകയാണ് ഒരു സംഘം ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റമാരുടെ സംഘമാണ് ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റര്‍ നീളുന്ന യാത്ര നടത്തുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്. എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് സംഘത്തെ നയിക്കുക.
🇮🇳 We are pleased to welcome @airindiain's first-ever nonstop flights between San Francisco and Bangalore (Bengaluru), India! This new service represents the only nonstop flights between the United States and Bengaluru.
✈️ https://t.co/G5bWCNUank pic.twitter.com/k7XiiWODov
— San Francisco International Airport (SFO) ✈️ (@flySFO) January 9, 2021
ഉത്തരധ്രുവത്തിലൂടെയുള്ള യാത്രയ്ക്ക് സാങ്കേതിക വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമാണ്. സാധാരണ ഏറ്റവും പരിചയസമ്പന്നരായ പൈലറ്റുമാരെയാണ് ഈ റൂട്ടില്‍ വിമാനം പറത്താന്‍ കമ്പനികള്‍ നിയോഗിക്കുക. ഇത്തവണ എയര്‍ ഇന്ത്യ മികച്ച വനിതാ പൈലറ്റുമാരെയാണ് ഇത്തരമൊരു ദൗത്യത്തിന് നിയോഗിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ഇത്രയും വലിയ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏല്‍പ്പിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് പൈലറ്റുമാരുടെ സംഘത്തെ നയിക്കുന്ന സോയ അഗര്‍വാള്‍ പറഞ്ഞു. ഏതൊരു പ്രൊഫഷണല്‍ പൈലറ്റിന്റെയും സ്വപ്നമാണ് ഈ യാത്ര. അമേരിക്കയില്‍ നിന്ന് ഉത്തരധ്രുവത്തിന് മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടില്‍ വിമാനം പറത്താന്‍ ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമാണെന്നും അവര്‍ പറഞ്ഞു.
ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ആണ് സോയ അഗര്‍വാള്‍. 2013 ലാണ് സോയ ഈ നേട്ടം സ്വന്തമാക്കിയത്. 8000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുളള സോയ അഗര്‍വാള്‍ പത്തുവര്‍ഷമായി എയര്‍ ഇന്ത്യയില്‍ പൈലറ്റാണ്. ക്യാപ്റ്റന്‍മാരായ തന്മയ് പപ്പാഗിരി, ആകാന്‍ഷ സോനാവാനെ, ശിവാന മന്‍ഹാസ് എന്നിവരാണ് മറ്റ് പൈലറ്റുമാര്‍.











