ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആദരിച്ചുകൊണ്ടുള്ള മുംബൈയിലെ പ്രശസ്ത നര്‍ത്തകി ഡോക്ടര്‍ ഐശ്വര്യയുടെ ‘ടീച്ചറമ്മ’ എന്ന നൃത്താവിഷ്‌കാരം വൈറലാകുന്നു. ഉള്‍ട്ട, ഉരിയാട്ട് എന്ന സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച സുദര്‍ശന്‍ പയ്യന്നൂര്‍ ആണ്. ഈ ഗാനവും ചിട്ടപ്പെടുത്തിയത്. പ്രേമന്‍ ഇല്ലത്തിന്റെ വരികള്‍ പാടി മനോഹരമാക്കിയത് ഗായകന്‍ കലേഷ് ആണ്. ഗീരീഷ് അയ്യര്‍, വിഷ്ണു നായര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുംബൈ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസണ്‍ ജോര്‍ജ് ആണ് വീഡിയോ ആല്‍ബം പ്രകാശനം ചെയ്തത്.
മുംബൈ മഹാത്മാഗാന്ധി മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ഐശ്വര്യ, മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ആര്‍എംഒ ആയി സേവനം ചെയ്യുകയാണ്. ഐശ്വര്യ പ്രേമന്റെ കോവിഡ് കാലത്തെ മൂന്നാമത്തെ ദൃശ്യാവിഷ്‌കാരമാണ് ‘ടീച്ചറമ്മ’. കോവിഡ് കാലാനന്തര ലോകത്തെക്കുറിച്ചും കേരള ചരിത്രത്തിലെ മിന്നും സ്ത്രീരത്‌നങ്ങളെക്കുറിച്ചും ചെയ്ത ആല്‍ബങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ‘അഭിനവ് കലാവന്ത് പുരസ്‌കാരം, മുബൈ ട്രൂ ഇന്ത്യന്‍ സൊസൈറ്റിയുടെ ‘സുകുമാരി പുരസ്‌കാരം, കനകചിലങ്ക പുരസ്‌കാരം, മെഡിക്കല്‍ ഫെസ്റ്റ് മുംബൈയുടെ ബെസ്റ്റ് ആക്ട്രസ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അഞ്ചാം വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ഡോക്ടര്‍ ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. പ്രൊഫഷനോടൊപ്പം നൃത്തം ഒരു പാഷനായി കൊണ്ടുനടക്കുന്ന ഐശ്വര്യ പുരോഗമന ചിന്താഗതികളുടെ സഹയാത്രിക കൂടിയാണ്.