വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പടെ ഏഴു പേര്‍ മരിച്ചു. സംസ്ഥാന ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പാണ് മരണപ്പെട്ടതെന്ന് സ്പീക്കര്‍ അറിയിച്ചു. കെനായി പെന്‍സുലയിലെ സോള്‍ഡോണ സിറ്റിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ എല്ലാവരും മരണപ്പെട്ടതായി അധികൃര്‍ അറിയിച്ചു. ആറുപേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ദേശീയ പാതയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത താത്കാലികമായി അടയ്ക്കുകയും ചെയ്തു. ഗാരി നോപ്പ് ഒറ്റയ്ക്ക് സഞ്ചരിച്ച വിമാനവും നാല് വിനോദ സഞ്ചാരികളും ടൂറിസ്റ്റ് ഗൈഡുമായി പറന്ന മറ്റൊരു വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.