ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടിയന്തരമായി അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേയ്ക്ക് മരവിപ്പിച്ചു. ആലപ്പുഴ എംപി എ.എം. ആരിഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറുമായും പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖറുമായി എം.പി ടെലിഫോണില്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചിരുന്നു.
ആലപ്പുഴ പ്രസരണി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി. മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തിയുള്ള ട്രാന്‍സ്മിറ്റര്‍ ആലപ്പുഴ ആകാശവാണിയുടേതാണ്. ഇതുവരെ ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിവരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി. കൂടാതെ, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചതും ആലപ്പുഴയിലെ ട്രാന്‍സ്മിറ്റര്‍ ആയിരുന്നു. തിരുവനന്തപുരം സ്റ്റേഷന്റെ റിലേ സ്റ്റേഷനുമായിരുന്നു ആലപ്പുഴ.