മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മലപ്പുറം പൊന്നാനിയിലെ രണ്ടുവീടുകളില്‍ പൊലീസ് പരിശോധന നടത്തി.
മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ ഇന്നലെയാണ് ഒരുസംഘം തട്ടിക്കൊണ്ടു പോയത്. യുവതിയെ കടത്തിയതിന് പിന്നില്‍ പ്രാദേശിക സഹായം ഉണ്ടായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് പീറ്റര്‍ അറസ്റ്റിലായത്. സ്വര്ണ്ണക്കടത്തുമായി പീറ്ററിന് ബന്ധമില്ല. സംഘത്തെ സഹായിക്കുക മാത്രമാണ് ഇയാള് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ പൊന്നാനി സ്വദേശി രാജേഷിന്റേതുള്‍പ്പെടെ രണ്ടുവീടുകളില്‍ പൊലീസ് പരിശോധന നടത്തി. ഹനീഫ എന്നയാള്‍ക്ക് വേണ്ടിയാണ് സ്വര്ണം കൊണ്ടുവന്നത്. ഇയാളും രാജേഷും ഉള്‍പ്പെടെ നാലുപേര് യുവതിയെ തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ ഉണ്ടായിരുന്നു. പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.