ആലപ്പുഴ: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പി. പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നീ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെയാണ് സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
16 പാര്‍ട്ടി മെമ്പര്‍മാരോടും സിപിഎം ജില്ലാ കമ്മിറ്റി സംഭവത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇന്ന തന്നെ വിശദീകരണം നല്‍കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ സീനിയറായ നെഹ്‌റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൌണ്‍സിലറായിരുന്നു കെ.കെ ജയമ്മ. എന്നാല്‍ സുധാകരന്റെ പക്ഷത്തുള്ള സൗമ്യാ രാജിനെ അധ്യക്ഷയാക്കിയതോടെ നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.