ഇടതു സർക്കാരിന്റെ കീഴിലെ പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതിയായ ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് പാതയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു..റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച് ഏറെ പ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന 24.14 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനർ നിർമ്മിക്കപ്പെടുന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും പൂർണ്ണമായും മുക്തമാവും.
https://www.facebook.com/Comrade.G.Sudhakaran/posts/3282070818495699
ആലപ്പുഴ ജില്ലയെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി കരമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണ് ആലപ്പുഴ-ചങ്ങനാശേരി റോഡ്. എല്ലാ വര്‍ഷവും കാലവര്‍ഷ സമയത്ത് എ.സി. റോഡിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ഗതാഗതം പൂര്‍ണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 2018-ലെ മഹാപ്രളയത്തില്‍ എ.സി. റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്ന് രണ്ടുമാസക്കാലം ഗതാഗതം പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
എ.സി. റോഡിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി രണ്ട് ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ എലവേറ്റഡായി റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചു. കുട്ടനാടിന്‍റെ പ്രത്യേക ഭൂഘടനയെ അടിസ്ഥാനപ്പെടുത്തി, വിശദമായ മണ്ണ് പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം റോഡിന് പത്ത് മീറ്റര്‍ ക്യാരേജ് വേയും ഇരുവശങ്ങളിലായി ഒന്നര മീറ്റര്‍ വീതം ഫുട്പാത്തുകളും വിഭാവനം ചെയ്യുന്നു.
സ്ഥിരമായി വെള്ളം കയറുന്ന ഒന്നാങ്കര പാലം മുതല്‍ മങ്കൊമ്പ് ജംഗ്ഷന്‍ വരെ (370 മീറ്റര്‍), മങ്കൊമ്പ് ജംഗ്ഷന്‍ മുതല്‍ മങ്കൊമ്പ് ഓവുപാലം വരെ (440 മീറ്റര്‍), മങ്കൊമ്പ്-തെക്കേക്കര (240 മീറ്റര്‍), ജ്യോതി ജംഗ്ഷന്‍ മുതല്‍ പാറശേരി പാലം വരെ (260 മീറ്റര്‍), പൊങ്ങ മുതല്‍ പണ്ടാരക്കുളം വരെ (485 മീറ്റര്‍), എന്നീ സ്ഥലങ്ങളിൽ 1.795 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന 5 ഫ്ളൈ ഓവറുകളും 9 സ്ഥലങ്ങളിലായി 400 മീറ്ററോളം ദൈര്‍ഘ്യം വരുന്ന കോസ് വേകളും 13 വലിയ കള്‍വര്‍ട്ടുകളും ഉള്‍പ്പെടുന്നു. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നീ പാലങ്ങളുടെ ഇരുഭാഗത്തും ഫുട്ഓവര്‍ ബ്രിഡ്ജും ഇതിന്‍റെ ഭാഗമായി നിര്‍മ്മിക്കും.
മുട്ടാര്‍ പാലം പുനര്‍നിര്‍മ്മിക്കുകയും മറ്റ് 13 ചെറിയ പാലങ്ങള്‍ പുതുക്കി പണിയുകയും ചെയ്യും. ഇതോടൊപ്പം 20.5 കിലോ മീറ്റര്‍ റോഡ് ഡിസൈന്‍ റോഡായി ഉയര്‍ത്തുകയും ചെയ്യും. ബസ് ബേകള്‍, ബസ് ഷെല്‍ട്ടറുകള്‍, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റോഡ് സേഫ്റ്റി സംവിധാനങ്ങള്‍, ട്രാഫിക് ലൈറ്റുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആധുനിക കാലത്തിനുതകുന്ന നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്.
മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന എ.സി റോഡിന്റെ നിര്‍മ്മാണ ചുമതല നിയമാനുസൃതം നടത്തിയിട്ടുള്ള ടെണ്ടര്‍ നടപടികളിലൂടെ കേരളത്തിൽ നിർമ്മാണമേഖലയിൽ ഏറ്റവും പാരമ്പര്യമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് ലഭിച്ചിട്ടുള്ളത്. എ.സി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ 10 നുള്ളില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.
എ. സി റോഡിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് റോഡിലെ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും.റോഡ് ഉപയോക്താക്കളായ കിഴക്കും പടിഞ്ഞാറുമുള്ള ആലപ്പുഴ കോട്ടയം അടക്കമുള്ള ജില്ലക്കാർക്കൊക്കെ വലിയ കഷ്ടനഷ്ടങ്ങളാണ് മൺസൂൺ കാലത്തെ ഗതാഗത തടസ്സം മൂലമുണ്ടായിക്കൊണ്ടിരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട നെല്ലറയുടെ നാടായ കുട്ടനാട്ടുകാർക്ക് എത്ര കടുത്ത വെള്ളപ്പൊക്ക മെത്തിയാലും പുറം ലോകവുമായി ബന്ധപ്പെടാനുള്ള സുരക്ഷിത പാതയായി തീരും പുനർനിർമ്മിക്കപ്പെടുന്ന എ.സി.റോഡ്. ഒരു തരത്തിൽ അതിജീവനത്തിൻ്റെ ഉയർന്ന മാതൃകയായി മാറും ഈ ഉയരപ്പാത.
വിശാലമായ പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങൾക്കും ശാന്ത സുന്ദരമായ, ആകാശ നീലിമ പ്രതിഫലിക്കുന്ന ജലാശയങ്ങൾക്കും നടുവിലൂടെ എൻജിനീയറിംഗ് വിസ്മയമായ പാതയിലൂടെ, കുളിർ കാറ്റേറ്റുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്നുറപ്പാണ്. പുതിയ കാലമാണിതെന്നും നിർമ്മാണമെന്നും മന്ത്രി പറഞ്ഞു.