കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അലുന്‍ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. സെപ്റ്റംബര്‍ 9-ന് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇരുവരും പുറത്തിറങ്ങിയത്.
പത്ത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങുന്നത്. കേസില്‍ കര്‍ശന ഉപാദികളോടെ അലന്‍ ഷുഹൈബിനും താഹ ഫസലിനും കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇരുവരുടെയും പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണം, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, ഒരു ലക്ഷം രൂപ ബോണ്ട് എന്നീ വ്യവസ്ഥയിലാണ് ജാമ്യം. ആഴ്ചയില്‍ ഒരു ദിവസം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നും ജാമ്യ ഉപാധികളില്‍ പെടുന്നു.
അതേസമയം അലന്റെയും താഹയുടേയും ജാമ്യം തടയാന്‍ എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
അറസ്റ്റിലായ ശേഷം കോഴിക്കോട് ജില്ലാ കോടതിയിലും എന്‍ഐഎ കോടതിയിലും ഹൈക്കോടതിയിലുമായി മൂന്ന് തവണ അലനും താഹയും ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഏപ്രില്‍ 27 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വീണ്ടും കൊച്ചി എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇതിനു ശേഷമാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.











