പാലക്കാട്: ജ്ഞാനപീഠം ജേതാവ് ഇതിഹാസ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94)ക്ക് വിട. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. പാലക്കാട് കുമരനെല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മൂത്ത മകന്‍ വാസുദേവന്‍ അക്കിത്തം ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഇളയമകന്‍ നാരായണന്‍ അക്കിത്തവും സമീപത്തുണ്ടായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ആചാരവെടി ഇല്ലാതെയാണ് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചത്. സംസ്‌കാര ചടങ്ങില്‍ അധികം ആളുകളും പങ്കെടുത്തില്ല. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് മന്ത്രി സി രവീന്ദ്രനാഥ് കുമരനെല്ലൂരിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. വി.ടി ബല്‍റാം ഉള്‍പ്പെടെ രാഷ്ട്രീയ പ്രമുഖര്‍ അന്ത്യചടങ്ങില്‍ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപുത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.
1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനനം.
കുമരനെല്ലൂർ സ്കൂളിലെ പഠനശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയേറ്റ് പഠനം . തുടർപഠനത്തിന് വലിയ താൽപ്പര്യം കാണിയ്ക്കാതിരുന്ന അച്യുതന് ചിത്രകലയും സംഗീതവും ജ്യോതിഷവുമായിരുന്നു താല്പര്യം . എട്ടാം വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോൻ തുടങ്ങിയ വലിയ പ്രതിഭകൾക്കൊപ്പം പൊന്നാനിക്കളരിയിൽ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണർത്തി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയിൽ പത്രപ്രവർത്തകനായി. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
1956 കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1975 ആകാശവാണി തൃശൂർ നിലയത്തിൽ എഡിറ്ററായി . 1985 ൽ ആകാശവാണിയിൽ നിന്നും വിരമിച്ചു.
ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഓടക്കുഴൽ അവാർഡ് , വള്ളത്തോൾ പുരസ്കാരം , വയലാർ അവാർഡ് , ആശാൻ പുരസ്കാരം , ജ്ഞാനപ്പാന പുരസ്കാരം , എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്ക് പുറമേ 2008 ൽ എഴുത്തച്ഛൻ പുരസ്കാരവും നേടുകയുണ്ടായി . 2017-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു .
തൊണ്ണൂറ്റിമൂന്നാം വയസ്സിൽ , അർഹതപ്പെട്ട അംഗീകാരമായി ജ്ഞാനപീഠം പുരസ്കാരവും ഈ വർഷം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.