ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍. യുപിയിലെ കന്നൗജില്‍ സംഘടിപ്പിച്ച കിസാന്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയപോഴാണ് അഖിലേഷ് യാദവിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. അഖിലേഷിന്റെ വീടിനുപുറത്ത് പോലിസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയും വീട് വളയുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
അഖിലേഷ് കര്‍ഷക പ്രതിഷേധം നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രദേശത്തേക്കുള്ള റോഡുകള്‍ പോലിസ് അടച്ചുപൂട്ടി. ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലുള്ള അവശ്യസര്‍വീസുകള്‍ ലഭ്യമാകാന്‍ തടസം സൃഷ്ടിക്കരുതെന്ന് അഖിലേഷ് പ്രതിഷേധിക്കുന്ന കര്‍ഷകരോട് പറഞ്ഞിരുന്നു. പൊലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയത്.എസ്പി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ അഷു മാലിക്, രാജ്പാല്‍ കശ്യപ് എന്നിവരെയും പോലിസ് തടഞ്ഞിരുന്നു.











