മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത്
അജ്മാന്‍ : മാനുഷിക പരിഗണന വെച്ച് 82 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കാന്‍ അജ്മാന്‍ ഭരണാധികാരി ഉത്തരവിട്ടു.
തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസമേകാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവില്‍ പറഞ്ഞു.
അജ്മാന്‍ ഭരണാധികാരിയുടെ മാനുഷികസംരംഭങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
വിവിധ രാജ്യങ്ങളിലെ പൗരന്‍മാരായ ഇവര്‍ തടവു കാലത്ത് മികച്ച പെരുമാറ്റവും തെറ്റു തിരുത്താന്‍ തയ്യാറായുള്ള പ്രവൃത്തികളുമാണ് ചെയ്തത്. റമദാനോട് അനുബന്ധിച്ച് ഇവര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കുകയാണെന്ന് ഭരണാധികാരി പറഞ്ഞു.
ജയില്‍ നിരീക്ഷണ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തടവുകാരെ ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത്.
അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി ഭരണാധികാരിയുടെ നടപടിയെ സ്വാഗതം ചെയ്തു.