Representative image
ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു.
അജ്മാന്‍ : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12 വയസ്സുള്ള വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തും മുമ്പേ മരണമടഞ്ഞു.
അജ്മാനിലെ അല്‍ ഹമിദിയയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി ബസ്സിനു മുന്നിലൂടെ മറുവശത്തേക്ക് പോകുമ്പോള്‍ പൊടുന്നനെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ്സിടിച്ച് വീണ വിദ്യാര്‍ത്ഥിയുടെ തലയിലാണ് മാരകമായ ക്ഷതമേറ്റത്.
അജ്മാന്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വന്ന സന്ദേശത്തെ തുടര്‍ന്ന് ആംബുലന്‍സും പോലീസും സംഭവ സ്ഥലത്ത് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബസ് ഡ്രൈവറെ ഉടനെ തന്നെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ലഫ് കേണല്‍ സെയിഫ് അബ്ദുള്ള അല്‍ ഫലാസി ദുഖം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥിനിയുടെ
കുടുംബത്തിനും സ്‌കൂളിനുമൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ബസ്സ് നിര്‍ത്തുമ്പോള്‍ ബസ്സ് ഡ്രൈവര്‍മാരും മുന്നിലും പിന്നിലുമായി വരുന്ന ഇതര വാഹനങ്ങളും നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.