ന്യൂഡല്‍ഹി: വിമാനദുരന്തം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെത്തുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘത്തെയാണ് കരിപ്പൂരിലേക്ക് അയച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഫ്ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ സംഭവം നടന്ന സ്ഥലത്ത് എത്തിയതായും കേന്ദ്രമന്ത്രി പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുമായിരുന്നു. പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചതായാണ് വിവരം. 127 പേര്‍ പരിക്കുകളെ തുടര്‍ന്ന് ആശുപത്രികളിലുണ്ട്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു. ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ടായ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം നിയന്ത്രിച്ച് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ മഴമൂലം തെന്നിയതാകാം അപകടകാരണമെന്ന് കരുതുന്നതായും മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.