കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ വിമാനക്കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. കുവൈത്ത് എയര്‍വേസ് ഉള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ ജോലിക്കാരെ ഒഴിവാക്കി. ശമ്പളമില്ലാത്ത ദീര്‍ഘകാല അവധി എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ ജീവനക്കാര്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമാവുന്നത്. കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനാവശ്യമായ ജീവനക്കാരെ നല്‍കാന്‍ നാസും കുവൈത്ത് എയര്‍വേസും തയാറായിട്ടുണ്ട്.
വിമാനത്താവളം പരമാവധി 30 ശതമാനം ശേഷിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം പരമാവധി 100 കമേഴ്‌സ്യല്‍ സര്‍വിസ് മാത്രമാണുള്ളത്.വിമാന സര്‍വിസ് വേണ്ടത്രയില്ലാത്തതിനാല്‍ വിമാനക്കമ്പനികളുടെ പക്കല്‍ റിസര്‍വ് ജീവനക്കാര്‍ ഏറെയുണ്ട്. 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്നതിന് വിലക്കുള്ളത് വിമാനക്കമ്പനികളെ കാര്യമായി ബാധിച്ചു. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്. സര്‍വിസ് വിപുലപ്പെടുത്താന്‍ കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും സമര്‍പ്പിച്ച കര്‍മ പദ്ധതി ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതുവരെ തീരുമാനമൊന്നുമായില്ല.
കുവൈത്ത് വിമാനത്താവളം നവംബര്‍ 17 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കമേഴ്‌സ്യല്‍ വിമാനങ്ങള്‍ നിലവില്‍ രാത്രി സര്‍വിസ് നടത്തുന്നില്ല. രാത്രി 10നും പുലര്‍ച്ച നാലിനുമിടയിലാണ് നിലവില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താത്തത്. പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിക്കില്ല. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരെ അനുവദിക്കാന്‍ വിമാനക്കമ്പനികള്‍ തയാറാവുകയായിരുന്നു.