സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയർ ഇന്ത്യ ഉദ്യോഗസ്ഥനാണ് സിബു.
എയർ ഇന്ത്യാ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിർത്തതോടെയാണ് ആ വ്യക്തിക്കു കീഴിൽ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാൻ ക്രിമിനൽ സംഘം തീരുമാനിച്ചത്. 2015 ജനുവരിയിൽ എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ സിബുവിനെതിരെ വ്യാജ പീഡന പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിച്ചു. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലം മാറ്റി.
വനിതാ ജീവനക്കാരുടെ പരാതി പരിഗണിച്ച എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങൾ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നൽകി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണങ്ങളിലെല്ലാം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെങ്കിലും സ്ഥലം മാറ്റം പിൻവലിക്കാൻ എയർ ഇന്ത്യ തയാറായില്ല. ആദ്യം ജോലിയിൽ പ്രവേശിക്കാൻ തയാറായില്ലെങ്കിലും പിന്നീട് കോടതി വിധിക്കുശേഷം 2018ൽ എയർ ഇന്ത്യയുടെ ഹൈദരാബാദ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം സിബു അംഗീകരിക്കുകയായിരുന്നു.
സ്വപ്ന സുരേഷാണ് പാർവ്വതി സാബു എന്ന പേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, സാറ്റിൽ ജോലി ചെയ്യുന്ന വേളയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നൽകി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.