കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുമായി കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയര്‍വെയ്‌സ് സര്‍വീസ് റദ്ദ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ രൂപീകരിച്ച എയര്‍ ബബിള്‍ കരാറിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണു വിമാനം റദ്ദ് ചെയ്തത്.
കൊവിഡ് പശ്ചാതലത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ രൂപീകരിച്ചത്.
കരാര്‍ പ്രകാരം നിലവില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും മാത്രമാണു കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ അനുമതി.കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. കരാറിലെ ഈ വ്യവസ്ഥ ഭേദഗതി ചെയ്യാത്തതിനെ തുടര്‍ന്നാണു ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാനായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദ് ചെയ്തിരിക്കുന്നത്. മാത്രവുമല്ല കുവൈത്ത് ദേശീയ വിമാന കമ്പനികള്‍ക്ക് മാത്രമാണു ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിനു അനുമതിയുമുള്ളൂ.












