ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ. കേരളം അതിനായി നാല് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ പ്രഖ്യാപനം നടത്താനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എയിംസിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കേരളം സ്ഥലം നിര്‍ദേശിച്ചിരിക്കുന്നത്. റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം. ആറ് വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും കേരളത്തില്‍ എയിംസ് ആരംഭിക്കുന്നതിന് പണം നീക്കിവച്ചിരുന്നില്ല. ഓരോ കേന്ദ്ര ബജറ്റിലും കേരളം പ്രതീക്ഷയോടെ ഈ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാറുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.
അതേസമയം തമിഴ്‌നാട്ടില്‍ എയിംസ് ആശുപത്രിയുടെ നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അടുത്ത വര്‍ഷം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാവുമെന്നാണ് കരുതുന്നത്.












