കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് ബില്ലുകള്‍ ജനദ്രോഹവും കാര്‍ഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. പ്രാഥമിക ഉല്പാദന വിപണന മേഖലകളില്‍ ലോകത്തിലെ ഏത് കമ്പിനികള്‍ക്കും കടന്നു വരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കാര്‍ഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബില്‍, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, അവശ്യവസ്തു നിയമഭേദഗതി ബില്‍ എന്നിവയ്‌ക്കെതിരെ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ബില്ലുകള്‍ പ്രാബല്യമാകുന്നതോടെ മിനിമം താങ്ങുവില തന്നെ ഇല്ലാതാകും എന്ന ആശങ്ക കര്‍ഷകര്‍ക്കിടയിലുണ്ട്. നിയമങ്ങള്‍ നടപ്പിലാകുമ്ബോള്‍ സംസ്ഥാനത്ത് വിവിധ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ചുമല്ലാതെ ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാന്‍ കഴിയില്ല. കൃഷി, അനുബന്ധ ഗവേഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നവയാണ്. കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിക്കുന്ന ഇത്തരം സാധ്യതകള്‍ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇല്ലാതാകും. കൃഷി, സാങ്കേതികവിദ്യ എന്നിവ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്ബനികള്‍ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വരുത്തുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബില്ലിനെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകരെ രക്ഷിക്കാനുള്ള ബദല്‍നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി, വ്യവസായ വകുപ്പ് എന്നിവയുമായി സംയോജിച്ച് വിത്ത് മുതല്‍ വിപണിവരെയുള്ള മേഖലകളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള നയം കേരളത്തില്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.











