രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മനോഹരവും ഹൃദയ സ്പര്‍ശിയുമായ ഒരു ആഘോഷ ചടങ്ങ് നടന്നു, അങ്ങ് അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ . അവിടുത്തെ അദ്ധ്യപികയാണ് ഉഷാകുമാരി ടീച്ചര്‍.
കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ ഉഷാകുമാരി ടീച്ചർക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ എത്താൻ കഴിയൂ. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകൾക്ക് മുന്നിൽച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കിൽ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയർത്തിയില്ലെങ്കിലും അധികാരികൾ ആരും അറിയാൻ പോകുന്നില്ല. എന്നാലും ടീച്ചർ പോയിരിക്കും; പതാക ഉയർത്തിയിരിക്കും.
ആ ഫ്ലാഗ് പോസ്റ്റ് ശ്രദ്ധിച്ചോ? രണ്ട് കുട്ടികളും രണ്ട് നായ്ക്കളും ടീച്ചറും എന്നതുപോലെ വിരലിൽ എണ്ണാവുന്ന മനുഷ്യമൃഗാദികളേ ക്യാമറയുടെ ഈ വശത്തും കാണൂ. അതാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രത്യേകതയും ലാളിത്യവും സൗന്ദര്യവും.
ആ കാട്ടിൽ മാസ്ക്ക് ധരിച്ചില്ലെങ്കിലും ആരും അറിയില്ല, കാണില്ല. എന്നാലും അവരെല്ലാം മാസ്ക്ക് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നതും അഭിനന്ദാനര്‍ഹമാണ്.

















