കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കല്ലന്‍പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫറോക്കില്‍ നേരത്തെയും ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയയെ കണ്ടെത്തിയതായ വിവരം ലഭിച്ചെങ്കിലും ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഷിഗെല്ലെ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കോട്ടാംപറമ്പ്.
ഷിഗെല്ല വെള്ളത്തിലൂടെയാണ് പടര്‍ന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ച പ്രദേശത്തെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന വിവരവും പുറത്തു വരുന്നത്.
കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറു പേര്‍ക്കു കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായതെന്നാണ് നിഗമനം.











