അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കുവാനുള്ള ട്രംപ് ഭരണകൂട കരാര്‍ പാലിക്കാന്‍ നിയുക്ത ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് താലിബാന്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച കരാര്‍ രൂപം കൊണ്ടത്. കരാര്‍ പ്രകാരം ചില സുരക്ഷാ ഉറപ്പുകള്‍ക്ക് വിധേയമായി 2021 മെയില്‍ സേനാ പിന്മാറ്റം പൂര്‍ത്തികരിക്കുകയെന്നതായിരുന്നു വ്യവസ്ഥ. ഇതിനു അനുബന്ധമായാണ് താലിബാനുമായുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ സമാരംഭിച്ചത്.
നിയുക്ത യുഎസ് ഭരണകൂടം കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കുന്നതിന്റെ ദിശയില്‍ ന്യായവും ഫലപ്രദവുമായ ആവശ്യമാണിത് – അമേരിക്കന്‍ ഭരണമാറ്റ സാധ്യത ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ താലിബാന്‍ പുറത്തിറക്കിയ ആദ്യ പ്രസ്താവന പറയുന്നു. താലിബാന്‍ – അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ ഒട്ടുമേ പുരോഗതിയില്ല. പക്ഷേ അഫ്ഗാനില്‍ ജനജീവിതം സ്തംഭിപ്പിച്ചുള്ള താലിബാന്റെ ആക്രമണങ്ങള്‍ പ്രവശ്യകളില്‍ ദിനേനെ പെരുകുകയാണ്. അല്‍ഖ്വയ്ദയും താലിബാനും അഫ്ഗാനില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതില്‍ കുറവേതുമില്ല. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്കയിലാണ്.
അഫ്ഗാനിലെ പിന്മാറ്റമെന്നതില്‍ ട്രംപിന് രണ്ടു ചിന്തയില്ല. ഈ വര്‍ഷം ക്രിസ്തുമസിനോടകം യുഎസ് സേനാ പിന്മാറുമെന്ന് ഒക്ടോബറില്‍ ട്രീപ് ട്വിറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഇക്കാര്യം ട്രംപ് ഉള്‍പ്പെടുത്തിയിരുന്നു. 2021 മെയില്‍ യുഎസ് സേനാ പിന്മാറ്റ പൂര്‍ത്തികരണമെന്നതിലാണ് യുഎസ് ദേശീയ സുരക്ഷ വിഭാഗം ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ അതിനുമുമ്പേ അഫ്ഗാനിലെ തങ്ങളുടെ സാന്നിദ്ധ്യം അവസാനിപ്പിക്കുമെന്നതിലാണ് ട്രംപിന്റെ ഊന്നല്‍. അതുകൊണ്ടാണ് സേനാ പിന്മാറ്റം ക്രിസ്തുമസിനോടകമെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. എന്തായാലും അഫ്ഗാനിലെ യുഎസ് സേനാ പിന്മാറ്റമെന്നതില്‍ താലിബാന്‍ ആവശ്യത്തെ മുന്‍നിറുത്തി മാത്രം ജോ ബൈഡന്‍ ഭരണകൂടം തീരുമാനമെടുക്കുമെന്ന് കരുതുക പ്രയാസം.