ഹസീന ഇബ്രാഹിം
നാടക കലയെ ഭ്രാന്തമായി സ്നേഹിച്ചതുകൊണ്ടാണ് അടൂർ ഗോപാല കൃഷ്ണൻ എന്ന ചലച്ചിത്ര പ്രതിഭ സാധാരണ സിനിമ സങ്കൽപ്പങ്ങളിൽ നിന്നും വഴി മാറി നടന്നത്. ആ മാറ്റം മലയാള സിനിമയ്ക്ക് മികച്ച ദൃശ്യ ബോധവും ഉൾക്കാഴ്ചയും സമ്മാനിച്ചു.ഓരോ പ്രമേയവും, കഥാപാത്രങ്ങളും അവതരണവും ഇന്നും മലയാള സിനിമയ്ക്ക് വിസ്മയമാണ്. സാധാരണക്കാരായിരുന്നു അടൂരിന്‍റെ കഥാപാത്രങ്ങൾ. അന്നുവരെ സിനിമ പിന്തുടർന്ന ഡാൻസും പാട്ടും ഫോർമുല അപ്പാടെ മാറ്റി നിർത്തിയാണ് പച്ചയായ
ജീവിതങ്ങളെ കലർപ്പില്ലാതെ വെള്ളിത്തിരയിൽ അദ്ദേഹം പ്രദർശിപ്പിച്ചത് . അത് മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയായി.
സ്വയംവരമായിരുന്നു അടൂരിന്‍റെ ആദ്യ സംവിധാന സംരംഭം.മറ്റു സിനിമകള്‍ക്കിടയില്‍ സ്വയംവരം അന്ന് വേറിട്ട അനുഭവമായി. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം,അനന്തരം, മതിലുകൾ,വിധേയൻ, തുടങ്ങി എണ്ണം പറഞ്ഞ ചിത്രങ്ങൾ ചലച്ചിത്ര വിഹായസ്സിൽ പറന്നുയർന്നു. അങ്ങനെ ലോക സിനിമ ഭൂപടത്തിൽ മലയാളത്തിന്‍റെ പേരെഴുതി ചേർക്കാനുള്ള ഉത്തരവാദിത്തം അനായാസം അദ്ദേഹം ഏറ്റെടുത്തു. ഒപ്പം ഇന്ത്യൻ ചലച്ചിത്ര സപര്യയിൽ സത്യചിത്രേയുടെ പിന്മുറക്കാരൻ എന്ന സ്ഥാനവും.
തിരക്കഥ രചനയിലും സംവിധാനത്തിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര പഠനം പൂർത്തിയാക്കി . കേരളത്തിലെ അദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു അടൂർ. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ഭാരതത്തെ പ്രതിനിധീകരിച്ചു .
പത്മശ്രീ, ദാദേ സാഹേബ് ഫാൽക്കെ പുരസ്‌കാരം, പത്മ വിഭൂഷൺ, ഏഴു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ. തുടർച്ചയായി അഞ്ചു തവണ അന്താരാഷ്ട്ര സിനിമ നിരൂപകരുടെ പുരസ്‌കാരം. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
രാജ്യത്തെ ചില തെറ്റായ നയങ്ങൾക്കെതിരെ അവസരോചിതമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല. അക്കാരണത്താൽ ഉയർന്ന പ്രതിഷേധങ്ങളും അടൂർ തന്‍റേടത്തോടെ നേരിട്ടു. അന്നും മൗലികതയുള്ള കലാകാരനൊപ്പമാണ് കേരളം ഒറ്റക്കെട്ടായി നിന്നത്.