മുംബൈ: ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ആദിത്യ താക്കറെ. സുശാന്ത് സിങ്ങിന്റെ മരണത്തില്‍ വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഒരാളുടെ മരണത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡിനെതിരെയുളള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് അതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെ അവര്‍ രാഷ്ട്രീയ വത്കരിക്കുന്നതെന്ന് ആദിത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തനിയ്ക്കും താക്കറെ കുടുംബത്തിനുമെതിരെ ഉയര്‍ന്നു വന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആദിത്യ തനിക്ക് ഈ വിഷയത്തില്‍ യാതൊരു ബന്ധമില്ലെന്നും അവകാശപ്പെട്ടു.
हे तर गलिच्छ राजकारण pic.twitter.com/SvvBtU6qHC
— Aaditya Thackeray (@AUThackeray) August 4, 2020
അതോടൊപ്പം തന്നെ താന്‍ ബാലാസാഹേബ് താക്കയുടെ കൊച്ചുമകനാണെന്നും മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്റെയോ അഭിമാനത്തിന് കോട്ടം വരുത്തുന്നതൊന്നും ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് തെളിവ് കൊണ്ടു വരൂ എന്ന് ഉദ്ദവ് താക്കറെ പ്രസ്താവന നടത്തിയിരുന്നു. സുശാന്തിന്റെ മരണം സിബിഐയ്ക്ക് കൈമാറാന്‍ ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.




















