കെ.അരവിന്ദ്
വിവിധ ധനകാര്യ സേവന മേഖലകള്‍ കൈകാര്യ ചെയ്യുന്ന കമ്പനിയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍. 2017 സെപ്റ്റംബര്‍ ഒന്നിനാണ് ഈ കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ആദിത്യ ബിര്‍ള നുവോയും ഗ്രാസിം ഇന്റസ്ട്രീസും ലയിക്കുകയും ധനകാര്യ സേവന ബിസിനസ് വിഘടിപ്പിച്ച് ആദിത്യ ബിര്‍ള കാപ്പിറ്റലിന് കീഴിലേക്ക് കൊണ്ടുവരികയും ചെയ്തതോടെയാണ് ലിസ്റ്റിംഗിന് വഴിയൊരുങ്ങിയത്.
ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്മെന്റ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ്, ആദിത്യബിര്‍ള ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്, ആദിത്യബിര്‍ള കാപ്പിറ്റല്‍ അഡൈ്വസേഴ്സ്, ആദിത്യ ബിര്‍ള മണി, ആദിത്യ ബിര്‍ള കസ്റ്റമര്‍ സര്‍വീസസ്, ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള വെല്‍നെസ്, ആദിത്യ ബിര്‍ള എആര്‍സി, ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ കമ്പനികളാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍ എന്ന ഹോള്‍ഡിംഗ് കമ്പനിക്കു കീഴില്‍ വരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വകാര്യ എന്‍ബിഎഫ്സി ആയ ആദിത്യ ബിര്‍ള ഫിനാന്‍സ്, നാലാമത്തെ വലിയ അസറ്റ് മാനേജ് കമ്പനിയായ ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്മെന്റ്, അഞ്ചാമത്തെ വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, അഞ്ചാമത്തെ വലിയ ജനറല്‍ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായ ആദിത്യബിര്‍ള ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എന്നിവ ഉള്‍പ്പെട്ട ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ധനകാര്യ സേവന മേഖലയിലെ വിവിധ ശാഖകളെ ഉള്‍ക്കൊള്ളുന്ന മികച്ച ഹോള്‍ഡിം ഗ് കമ്പനിയാണ്.
ഭാവിയില്‍ ഈ ഓഹരിയുടെ യഥാര്‍ത്ഥമൂല്യം വിപണി തിരിച്ചറിയുകയും മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരിയില്‍ താല്‍പ്പര്യം ജനിക്കുകയും ചെയ്യുന്നതോടെ ഓഹരി പല മടങ്ങ് വില ഉയരാനുള്ള സാധ്യതയുണ്ട്.
ധനകാര്യ സേവന മേഖലയിലെ മള്‍ട്ടിബാഗറായി മാറിയ ബജ്ജ് ഫിന്‍സെര്‍വുമായാണ് ഈ ഓഹരിയെ താരതമ്യം ചെയ്യാവുന്നത്. ബജാജ് ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെട്ട ബജാജ് ഫിന്‍സെര്‍വ് ദീര്‍ഘകാലം നിക്ഷേപകരുടെ ശ്രദ്ധയില്‍ പെടാതെ പോയ കമ്പനിയാണ്. പിന്നീട് ഈ ഓഹരിവിപണിക്ക് പ്രിയപ്പെട്ടതാകുകയും വില പല മടങ്ങ് ഉയരുകയും ചെയ്തു.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 264 കോടി രൂപയുടെ അറ്റാദായമാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍ കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 3 ശതമാനമാണ്. വരുമാനം 14 ശതമാനം വളര്‍ച്ചയോടെ 4879 കോടി രൂപയായി.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍. തിരുത്തലുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.


















