കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി സര്‍ക്കാര്‍. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിലായിരുന്നു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടുപോയിട്ടും കോടതി ഇടപെട്ടില്ല. വനിതാ ജഡ്ജി ആയിട്ടുപോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ ആണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിധി വരും വരെ വിചാരണയ്ക്കുള്ള സ്റ്റേ തുടരും. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.
ഇതിനിടെ, മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസ് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം കാസര്‍ഗോഡ് ബേക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.
2020 ജനുവരി 24ന് പ്രദീപ് കാസര്‍ഗോഡ് ബേക്കലില്‍ എത്തുകയും വിപിന്‍ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാല് ദിവസം കാഞ്ഞങ്ങാട് താമസിച്ച പ്രദീപ്, വിപിനെ ഫോണില്‍ വിളിക്കുകയും ചെയ്തു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ തിരിച്ചുപോകുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിക്കായി ജയിലില്‍ നിന്ന് ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് കത്തയച്ചത് വിപിന്‍ലാല്‍ ആയിരുന്നു. അതുകൊണ്ട് വിപിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്.