നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതികള്‍ക്ക് നല്‍കുന്ന പല രേഖകളുടെയും പകര്‍പ്പുകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ല. വിചാരണ കോടതി മാറ്റണമെന്ന് നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചു.
കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തില്‍ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.
തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ നിലപാട് സ്വീകരിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികള്‍ നിരന്തരം കൂറുമാറിയതിനെ തുടര്‍ന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹര്‍ജിയില്‍ പറയുന്നു.പ്രോസിക്യൂഷന്‍ തന്നെ ജഡ്ജിനെതിരെ പറയുന്നത് ആദ്യമെന്ന് നടി ഹൈക്കോടതിയോട് പറഞ്ഞു.